ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശി ലൈംഗികമായി പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ രേഖ ശര്‍മ കേരളത്തിലെത്തും.
എന്നാല്‍ പി.കെ.ശശിക്കെതിരായ പരാതി വനിതാ കമ്മീഷന് ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ നിലപാട്. പരാതി കിട്ടാതെ നടപടിയുണ്ടാകില്ലെന്നും പരാതി പൊലീസിന് കൈമാറണമോ എന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു. യുവതി പൊതു ഇടങ്ങളില്‍ പരാതി നല്കാത്തതിനാല് കമ്മീഷന് സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും ജോസഫൈന് പറഞ്ഞു.