മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ലെ പ്രണയ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ‘മാനത്തെ മാരിവില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ്.
ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടന് ഉണ്ണി മുകുന്ദന് സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.