കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന് കി ബാത്തി’ലാണ് പ്രധാനമന്ത്രി കേരളീയര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചത്. പല രംഗങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിന് പിന്തുണയുമായി വന്നുവെന്നും മോദി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനികരെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതികള്‍ക്കിടയിലെ യഥാര്‍ഥ നായകന്മാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ കേരളത്തെ പ്രളയക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ അക്ഷീണം പ്രയത്നിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.