മോസ്കോ: ബെലെ ഹൊറിസോണ്ടെയുടെ കണ്ണീരുണക്കാന്‍ ആറാം കിരീടം തേടിയെത്തുന്ന കാനറിപ്പടയ്ക്ക് ഇന്ന് ആദ്യപോരാട്ടം. ഗ്രൂപ്പ് ഇയിലെ യൂറോപ്പിന്റെ അതിവേഗക്കാരായ സ്വിറ്റ്സര്‍ലന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍. രാത്രി പതിനൊന്നരയ്ക്കാണ് മത്സരം ആരംഭിക്കുക.
യോഗ്യതാറൗണ്ടിലെ 18 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബ്രസീല്‍ പരാജയം രുചിച്ചത്. 41 ഗോളടിച്ച് സന്നാഹമല്‍സരങ്ങളില്‍ തിളങ്ങാനായതും താരങ്ങളുടെ മികച്ച ഫോമും ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, ഫിര്‍മിനോ എന്നിവര്‍ മുന്നേറ്റനിരയില്‍ അണിനിരക്കുമ്പോള്‍ മധ്യഭാഗത്ത് കുടീഞ്ഞോ, വില്യന്, പൗളീഞ്ഞോ എന്നിവര്‍ കളിമെനയും. മാഴ്സെലോ, ഫാഗ്നര്, മിറാന്‍ഡ എന്നിവര്‍ പ്രതിരോധത്തിന്രെ ഉരുക്കുകോട്ടകളാകും.
ബ്രസീലിന്റേതിനു സമാനമായ 4-3-3 എന്ന ശൈലിയില്‍ ഊന്നിത്തന്നെയാകും സ്വിറ്റ്സര്‍ലന്‍ഡും അണിനിരക്കുക. അത് വമ്പന്മാരെയും തടുത്തുനിര്‍ത്താന്‍ കെല്‍പ്പുള്ളതാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രതിരോധനിര. അതേസമയം ഗോളുകള്‍ കണ്ടെത്തുത്തുന്നതിലുള്ള പോരായ്മ ടീമിന് വെല്ലുവിളിയാകും.