കൊച്ചി: ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 13,167.89 കോടി രൂപ വിലമതിക്കുന്ന 7,97,145 ടണ്‍ സുഗന്ധവ്യഞ്ജനമാണ് രാജ്യത്തു നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12,607.46 കോടി രൂപ വിലമതിക്കുന്ന 6,63,247 ടണ്‍ സുഗന്ധവ്യഞ്ജനമാണ് കയറ്റുമതി ചെയ്തത്.
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ചെറിയ ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി , കടുക്, അയമോദകം, ശതകുപ്പ, കസ്കസ്, എന്നിവയുടെ അളവിലും മൂല്യത്തിലുമുണ്ടായ മികച്ച വര്‍ധനയാണ് ഈ വര്‍ധനവിന് കാരണമായിരിക്കുന്നത്.
മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി, പുതിന ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, ലേപനങ്ങള്‍ എന്നിവയുടെ കയറ്റുമതി അളവില്‍ ഗണ്യമായ വര്‍ധനയുണ്ടായി. അതേസമയം മുളക്, മല്ലി, പെരുംജീരകം, ജാതിക്ക, ചോളം എന്നിവയ്ക്ക് മൂല്യത്തിലാണ് വര്‍ധനയുണ്ടായത്.
കടുത്ത മത്സരം നേരിടുന്ന അന്താരാഷ്ട്രവിപണിയുടെ വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ടാണ് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ മികച്ച നേട്ടം കൈവരിച്ചതെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ ജയതിലക് പറഞ്ഞു.