കൊച്ചി ; പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക് ഇന്ന് സഭയില്‍ അവതരിപ്പിച്ച പുതിയ ബജറ്റ് വെറും സാഹിത്യ സൃഷ്ടിയാണെന്ന് ചെന്നിത്തല പരിഹസിച്ചു. ഭാവനയില്‍ കെട്ടി ഉയര്‍ത്തിയ ഒരു കടലാസ് സൗധം മാത്രമാണ് ഇത്തവണത്തെ ബജറ്റ്.
950 കോടി രൂപയുടെ നികുതി ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് തോമസ് ഐസക് ചെയ്തിരിക്കുന്നത്. സാധാരണക്കാരാണ് ഈ ബാധ്യതകള്‍ മുഴുവന്‍ പേറേണ്ടി വരുന്നത്. ക്ഷേമപെന്‍ഷനുകളില്‍ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകള്‍ കൊണ്ട് വരുന്നു. ഓരോ വര്‍ഷവും പെന്‍ഷനില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം ബജറ്റില്‍ നടപ്പാക്കിയില്ല.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോള്‍ -ഡീസല്‍ വില്‍പ്പന നികുതി കുറച്ചു ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് നടപടികളും ബജറ്റിന്റെ ഭാഗമായി ഉണ്ടായില്ല. കൂടാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയില്‍ കെട്ടിവച്ചു കെഎസ് ആര് ടി സി പെന്ഷന് ബാധ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിലത്തകര്‍ച്ചയില്‍ വലയുന്ന റബര്‍ കര്‍ഷകര്‍ക്കും മറ്റു കാര്‍ഷിക മേഖലകള്‍ക്കും പേരിനെങ്കിലും ആശ്വാസം നല്കുന്ന പദ്ധതികള്‍ക്ക് ഇടംനല്‍കാനും ബജറ്റിനായില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;