രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ ഇന്നും നാളെയും രാഷ്ട്രപതി പങ്കെടുക്കും. തലസ്ഥാനത്ത് അദ്ദേഹത്തിന് പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചക്ക് 2.50ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. തുടര്‍ന്ന്, 3.30ന് പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കും. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഡോ. എ.സമ്പത്ത് എംപി, സി.ദിവാകരന് എംഎല്‍എ, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്നു രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി 5.50നു വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ആറിനു സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. എട്ടു മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം അവിടെ തങ്ങും. നാളെ രാവിലെ 9.45നു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11നു കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.30നു ഡല്‍ഹിക്കു മടങ്ങും.