Uncategorized

കോവിഡ് രോഗിയുടെ മരണം ജീവനക്കാരുടെ അനാസ്ഥ മൂലം: നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി മരിക്കാനിടയായ സംഭവം കോവിഡ് മൂലമല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരുടെ പേരിൽ ശബ്ദ സന്ദേശം. വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. നഴ്സിങ് ഓഫീസറുടെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

എറണാകുളം ജില്ലയിലെ കോവിഡ് കെയർ സെന്ററാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശിയായ ഒരാളെ കോവിഡ് ബാധയെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം മരിച്ചു. ഇതിനുശേഷമാണ് ആശുപത്രി നഴ്സിങ്ങ് ഓഫീസറുടേതെന്ന പേരിലുള്ള ശബ്ദസന്ദേശം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത്.

രോഗം കുറഞ്ഞ് വാർഡിലേക്ക് മാറ്റാവുന്ന അവസ്ഥയിലെത്തിയ രോഗിയാണ് മരിച്ചത്. ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാത്തതിനാലാണ് രോഗി മരിച്ചതെന്ന് ആരും അറിയാതിരുന്നതിനാൽ ഉത്തരവാദികൾ രക്ഷപെട്ടുവെന്നും ഇതുപോലെ സമാനസംഭവങ്ങൾ നടന്നുവെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

ട്യൂബിങ്ങ് ശരിയാകാതെയാണ് രോഗിയുടെ മരണമെന്നത് ഡോക്ടർമാർക്ക് ഉൾപ്പെടെ അറിയാമെന്നും ഇക്കാര്യം ഒതുക്കി തീർക്കുകയായിരുന്നുവെന്നും ആണ് നഴ്സിങ് ഓഫീസർ ജലജാദേവിയുടെതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പ്രചരിക്കുന്നത്. ഇതിന്റെ ആധികാരികത തെളിയിക്കപ്പെടേണ്ടതുണ്ട്.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ നഴ്‌സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്‌സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമാണ് നഴ്‌സിങ് ഓഫിസറുടെ വിശദീകരണം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മെഡിക്കല്‍ കോളജിലെ മരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

നഴ്സിങ്ങ് ഓഫീസർ കോവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ട ആളല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം ഒരു സന്ദേശം പുറത്തുവന്നതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top