കോട്ടയം: ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റിനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ തുറക്കുക മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ മാത്രമാണ്. കോട്ടയം തഹസില്‍ദാര്‍ക്കാണ് മേല്‍നോട്ട ചുമതല.
രോഗം ബാധിച്ച രണ്ടു ചുമട്ടു തൊഴിലാളികളുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്. അഗ്നിരക്ഷാ സേന രണ്ടു തവണ ഇവിടെ അണുനശീകരണം നടത്തിയിരുന്നു.
ജില്ലയിലെ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അംഗീകൃത വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനാനുമതി. ആദ്യ ഘട്ടത്തില്‍ മൊത്ത വ്യാപാരം മാത്രമായിരിക്കും അനുവദിക്കുക.
ലോറികളില്‍ എത്തിക്കുന്ന പച്ചക്കറി ലോഡുകള്‍ ഇറക്കുന്നതിന് പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആറു മുതല്‍ എട്ടുവരെ പലചരക്ക് ഇനങ്ങള്‍ ഇറക്കാം. ഈ സമയക്രമം പാലിച്ചുമാത്രമേ ലോറികള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കൂ.