National

നാളെ തൂക്കിലേറ്റില്ല; മരണ വാറന്റിന് സ്റ്റേ

ന്യൂഡൽഹി:നാളെ വധശിക്ഷ നടപ്പിലാക്കില്ല. നിർഭയ കേസിൽ നാളെ വധശിക്ഷ നടപ്പിലാക്കില്ല.മരണ വാറന്റിന് സ്റ്റേ.ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ശിക്ഷ നടപ്പിലാക്കരുതെന്ന് കോടതി.

  പ്രതികളെ തൂക്കിലേറ്റുന്നത് അനന്തമായി നീളുകയാണ് . വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റണം എന്നാണ് ചട്ടമെങ്കിലും വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ വധശിക്ഷ നീളുകയായിരുന്നു.

വിനയ് ശര്‍മയെ മാറ്റി നിര്‍ത്തി മറ്റു മൂന്ന് പ്രതികളെ നാളെ തന്നെ തൂക്കിലേറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഘട്ടം ഘട്ടമായി വധശിക്ഷ നടപ്പാക്കാനാവില്ലെന്നും ഒരേ കുറ്റകൃത്യം ഒരുമിച്ച് ചെയ്തവര്‍ക്ക് ശിക്ഷയും ഒരുമിച്ച് നല്‍കേണ്ടതായിട്ടുണ്ടെന്നും ജഡ്‍ജി രാവിലെ അറിയിച്ചിരുന്നു. അല്‍പസമയത്തിനകം കേസില്‍ അന്തിമ ഉത്തരവ് തരുമെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ തുടരണമെന്നും രാവിലെ ജഡ്ജി പറഞ്ഞെങ്കിലും വൈകുന്നേരത്തോടെ മാത്രമാണ് വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ നീട്ടിവച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പവന്‍ ഗുപ്തയ്ക്ക് അവസരമുണ്ട്. 

തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം ഇന്ന് നടത്തിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top