കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ളാറ്റ് പൊളിക്കുക 5 മിനിറ്റ് വ്യത്യാസത്തിലായിരിക്കും. ജനുവരി 11ന് രാവിലെ 11 മണിയ്ക്ക് എച്ച്2ഒ ഫ്ളാറ്റ് പൊളിക്കും, അതിന് ശേഷം 11.05ന് ആല്‍ഫാ സെറീന് പൊളിക്കും. നേരത്തെ അര മണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു നീക്കം. മരട് ഫ്ളാറ്റ് പൊളിക്കുമ്പോള്‍ 200 മീറ്റര്‍ പരിധിയില്‍ ഗതാഗതം നിയന്ത്രണം ഉണ്ടാകും. 200 മീറ്റര്‍ വിസ്തൃതിയില്‍ ജനങ്ങളെ ഒഴിപ്പിക്കും. പൊളിക്കുന്നതിന് മുന്നോടിയായി വൈറ്റില-അരൂര്‍, പേട്ട-തേവര ദേശീയപാതയില്‍ ഗതാഗതം തടയും. രാവിലെ എട്ടുമണിക്ക് ശേഷം സമീപത്തെ വീടുകളില്‍ ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല.
ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇനി ജെയ്ന്‍ ഫ്ളാറ്റിലായിരിക്കും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുകയെന്ന് എക്സ്പ്ലോസീവ് കണ്ട്രോളര് അറിയിച്ചു. ആല്‍ഫ സെറീന് ഫ്ളാറ്റിലായിരിക്കും ഏറ്റവും അവസാനം സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക. ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത്.
ഈ ദിവസങ്ങളില്‍ ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.രാവിലെ എട്ടു മുതല്‍ നാലു വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.