Ernakulam

ചരിത്രമുറങ്ങുന്ന കൊട്ടാരത്തില്‍ ലാഭക്കൊതിയന്മാരുടെ കണ്ണ്; പാലസ് കെട്ടിടം പൊളിച്ചു കളയാനുള്ള നീക്കവുമായി അധികൃതര്‍

കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന പാലസ് കെട്ടിടം പൊളിച്ചു കളയാനുള്ള നീക്കവുമായി അധികൃതര്‍. കൊട്ടാരത്തിന്റെ ഭാഗമായ പാലസ് കെട്ടിടങ്ങളിലൊന്നാണ് ഇത്. കെട്ടിടം പൊളിക്കുവാനും പുതിയ കണ്‍സ്ട്രക്ഷന്‍ നടത്താനുമായി ലൈബ്രറിയുടെ തൊട്ടുമുമ്പിലുള്ള ‘യശോറാം കണ്‍സ്ട്രക്ഷന്‍സിനെ’ യാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പാലസ് പഴയകെട്ടിടം സൗജന്യമായി പൊളിക്കുന്നുവെന്നാണ് ആളുകളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കെട്ടിടത്തിലെ മുഴുവന്‍ പുരാവസ്തു മൂല്യമുള്ള മര ഉരുപ്പടികളും മച്ചും വിദേശ ആന്റീക് കമ്പനികള്‍ക്ക് വമ്പന്‍ തുകയ്ക്ക് വില്‍ക്കുവാന്‍ ഇവര്‍ കരാറാക്കിയിരിക്കുന്നു എന്നാണ് വാസ്തവം.

1870- ലാണ് എറണാകുളം പബ്ലിക് ലൈബ്രറി സ്ഥാപിതമാകുന്നത്. ലൈബ്രറിയിലേക്കുള്ള വഴിയുടെ പേര് പാലസ് റോഡ് എന്നാണ്. മഹാരാജാസ് പ്രിന്‍സിപ്പലായിരുന്ന ‘എ.എസ്. സീലി’ പ്രസിഡന്റായി ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനും മുന്‍പുണ്ടായിരുന്നതാണ് എറണാകുളം പബ്ലിക് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം. ഇന്‍ഡോ-ഡച്ച് വാസ്തു വിദ്യയുടെ ഉത്തമോദാഹരണമാണ് ഈ കെട്ടിടം. 1972 -ല്‍ ലൈബ്രറി പുതിയ ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഇപ്പോഴത്തെ ചീഫ് ഇലക്ട്രിസിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുകയും പിന്നീട് തിരികെ വന്ന ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചതോടെ, പാലസ് കെട്ടിടം വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്കായി വാടകയ്ക്കു കൊടുക്കുകയുണ്ടായി. ഏകദേശം പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാടകക്കാരെ ഒഴിപ്പിച്ച് ലൈബ്രറി ഇതിനുള്ളില്‍ ഒരു മിനി തിയേറ്റര്‍ സ്ഥാപിക്കുകയുണ്ടായി. ഈ പാലസിന്റെ താഴത്തെ നിലയില്‍ ഇപ്പോഴും ലൈബ്രറികെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന പുസ്തക ഡിസ്ട്രിബ്യൂട്ടറുടെ ഒരു ഗോഡൗണും നിലവിലുണ്ട്. ലൈബ്രറി വികസനത്തിന് വേണ്ടി പാലസിന്റെ പിന്നിലായി ആവശ്യത്തിനു സ്ഥലമുണ്ട്.

സിപിഐ(എം ) നേതൃത്വത്തിലെ ഭരണ സമിതിയാണ് പതിറ്റാണ്ടുകളായി ലൈബ്രറി ഭരണം കൈയടക്കിയിട്ടുള്ളത്. കവിയും പുരോഗമന കലാസാഹിത്യസംഘം   സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എസ്.രമേശനാണ് പ്രസിഡണ്ട്. ചിത്രകലാ-വാസ്തുവിദ്യാ-പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനും പ്രയോജനപ്രദമാകുന്ന ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ കൊട്ടാരത്തിലുണ്ട്. ചെങ്കല്ലിലും സുര്‍ക്കിയിലും തീര്‍ത്ത ഉത്തമ നിര്‍മ്മിതിയായ ഈ പാലസിനോടാണ് ലാഭക്കൊതിയന്മാരും ചരിത്രബോധമില്ലാത്തവരുമായ ലൈബ്രറി ഭരണസമിതിയുടെ കടുംകൈ. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top