Latest News

മെഹ്ബൂബ മുഫ്തിയുടെ മകളും വീട്ടുതടങ്കലില്‍

ശ്രീനഗര്‍: തന്നെയും അധികൃതര്‍ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. മുത്തച്ഛനും രണ്ടുതവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്‍റെ ഖബറിടം സന്ദര്‍ശിക്കാന്‍ പൊലീസ് തന്നെ അനുവദിച്ചില്ലെന്നും ഇല്‍തിജ ആരോപിച്ചു.

മുത്തച്ഛന്‍റെ നാലാം ചരമവാര്‍ഷിക ദിനമായ ജനുവരി ഏഴിന് ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് അനുവാദം ലഭിച്ചില്ലെന്ന് ഇല്‍തിജ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

താന്‍ വീട്ടുതടങ്കലിലാണ്. എങ്ങോട്ടും പോകാന്‍ അനുവദിക്കുന്നില്ല. മുത്തച്ഛന്‍റെ ഖബറിടം സന്ദര്‍ശിക്കാന്‍ പോകുന്നത് കുറ്റകൃത്യമാണോ? പ്രതിഷേധിക്കാനോ കല്ലെറിയാനോ പോകുന്നതാണെന്ന് അധികൃതര്‍ കരുതുന്നുണ്ടോയെന്നും ഇല്‍തിജ ചോദിച്ചു.

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ അനന്ത്നാഗ് ജില്ലയിലാണ് മുഫ്തി മുഹമ്മദ് സയീദിന്‍റെ ഖബറിടം. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ മെഹ്ബൂബ മുഫ്തിയുടെ വീട്ടിലേക്കുള്ള വഴിയെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച്‌ അടച്ചിരിക്കുകയാണ്. വാര്‍ത്താലേഖകരെ ഉള്‍പ്പടെ ഇവിടേക്ക് കടത്തിവിടുന്നില്ല. സുരക്ഷാ ജീവനക്കാരെയും സമീപത്തെ താമസക്കാരെയും മാത്രമേ കടത്തിവിടുന്നുള്ളൂ.

അതേസമയം, ഇല്‍തിജ മുഫ്തി വീട്ടുതടങ്കലിലാണെന്ന കാര്യം പൊലീസ് നിഷേധിച്ചു. ഇല്‍തിജ പ്രത്യേക സുരക്ഷയുള്ളവരുടെ വിഭാഗത്തിലാണെന്നും ഇവരുടെ സന്ദര്‍ശനത്തിന് അനന്ത്നാഗ് ജില്ല അധികൃതരുടെഅനുമതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതല്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടവിലിട്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ അഞ്ച് മാസത്തോളമായി വീട്ടുതടങ്കലിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top