ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തെലുങ്കാന സര്‍ക്കാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ത് തുടര്‍നടപടികള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക. അതേസമയം സംഭവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ല. പക്ഷേ തെലുങ്കാനയില്‍ ഇപ്പോള്‍ പോലീസ് നടത്തിയ ഏറ്റുമുട്ടലിലും പ്രതികളെ കൊലപ്പെടുത്തിയ സംഭവത്തിലും നിലപാട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലില്‍ പോലീസ് കൊല്ലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പോലീസ് പറഞ്ഞത്.