പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ അസാധാരണ പോരാട്ടത്തിന്റെ വിഡിയോ. കെനിയയിലെ മാസായ് മാരയിലാണ് ഈ അസാധാരണ സംഭവം നടന്നത്. അമേരിക്കന്‍ സ്വദേശികളായ വിനോദ സഞ്ചാരികളുടെ സംഘമാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. നവംബര്‍ 19 ന് പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സമീപത്തുണ്ടായിരുന്ന ഇമ്പാലയായിരുന്നു പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും ആദ്യ ലക്ഷ്യം. പിന്നീടാണ് പെരുമ്പാമ്പ് പുള്ളിപ്പുലിയെ ലക്ഷ്യമിട്ടത്. ആഫ്രിക്കന്‍ റോക്ക് പൈതണ്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ അടിപതറിയ പുള്ളിപ്പുലിയെ വരിഞ്ഞുമുറുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു ഘട്ടത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് പുള്ളിപ്പുലിക്ക് രക്ഷപെടാനാകുമോയെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ ഏറെനേരത്തെ പരിശ്രമത്തിനുശേഷം പാമ്പിന്റെ പിടിയില്‍ നിന്നും പുള്ളിപ്പുലി രക്ഷപെട്ടു. പോരാട്ടത്തിനൊടുവില്‍ പെരുമ്പാമ്പിനെ പുള്ളിപ്പുലി കീഴ്പ്പെടുത്തി.