പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഇന്നലത്തെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ് കൂടിയായ മണിവാസകം ആണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. അതേസമയം ഉള്‍ക്കാട്ടില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്
മേഖലയില്‍ നിന്ന് തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട് സ്വദേശി കാര്‍ത്തി, കര്‍ണാടക സ്വദേശികളായ സുരേഷ്, ശ്രീമതി എന്നിവരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ചിലര്‍ വനത്തിനുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.