Kerala

സ്‌കൂള്‍ ഐഡി കാര്‍ഡുമായി വരുന്ന കുട്ടികള്‍ക്ക് കൃതിയില്‍ 250 രൂപയുടെ കൂപ്പണുകള്‍

കൊച്ചി: അഞ്ചു ദിവസം പിന്നിട്ട കൃതി പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും രണ്ടാം പതിപ്പില്‍ തിരക്കേറി. വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം നിരവധി സന്ദര്‍ശകരാണ് കൃതിയിലെത്തുന്നത്. സാഹിത്യോല്‍സവത്തിന്റെ ഭാഗമായി ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങല്‍ലൂടെ സംസ്ഥാനത്തുടനീളം 1 കോടി 10 ലക്ഷം രൂപയുടെ കൂപ്പണുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരുന്നു. ഈ കൂപ്പണുകളുമായാണ് വിനോദയാത്ര വരുന്ന ആവേശത്തോടെ കുട്ടികള്‍ അധ്യാപകരോടൊപ്പം എറണാകുളത്തേയ്ക്ക് വരുന്നത്. വാഹനങ്ങളില്‍ കൃതി പുസ്തകമേളയുടെ ബാനറും വഹിച്ചാണ് കേരളം സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ സാംസ്‌കാരിക തീര്‍ത്ഥയാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

സഹകരണസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്ത കൂപ്പണുകള്‍ക്കു പുറമെ കൃതി പ്രദര്‍ശനവേദിയിലും സ്‌കൂള്‍ ഐഡി കാര്‍ഡുകളുമായി വരുന്ന കുട്ടികള്‍ക്ക് കൂപ്പണുകള്‍ വിതരണം ചെയ്തു തുടങ്ങി. 250 രൂപയുടെ ഈ കൂപ്പണുകളുപയോഗിച്ച് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാം. കൂപ്പണുകള്‍ സ്റ്റോക്ക് തീരും വരെ വിതരണം ചെയ്യുമെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ള കൂപ്പണുകളുണ്ടെന്നും കൃതി അധികൃതര്‍ അറിയിച്ചു.

250 രൂപയുടെ കൂപ്പണുകളുമായെത്തുന്ന കുട്ടികളോട് ആദ്യം പ്രദര്‍ശനനഗരി മുഴുവന്‍ നടന്ന് മുഴുവന്‍ സ്റ്റാളുകളും കാണണമെന്ന് അനൗണ്‍സ്മെന്‍ുകളിലൂടെ ഓര്‍മിപ്പിക്കാനും സംഘാടകര്‍ മറക്കുന്നില്ല. എല്ലാ സ്റ്റാളുകളും കണ്ട ശേഷം മാത്രം തങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനാണ് താല്‍പ്പര്യം.

കുട്ടികള്‍ വലിയ ആവേശത്തോടെയാണ് മേളയില്‍ സമയം ചെലവിട്ടതെന്ന് ഒക്കല്‍ എസ്. എന്‍. ഹയര്‍ സെക്കന്ററി സ്‌കൂളിലേയും ഒക്കല്‍ ഗവണ്മെന്റ് എല്‍.പി സ്‌കൂളിലേയും വിദ്യാര്‍ത്ഥികളുമായി ഇന്നലെ (ചൊവ്വാഴ്ച) മേളയ്ക്കെത്തിയ ഒക്കല്‍ സര്‍വ്വിസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു. കൃതിയുടെ ഭാഗമായി ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള അഞ്ച് ലൈബ്രറികള്‍ക്ക് 10000 രൂപയുടെ വീതം പുസ്തകങ്ങങ്ങളും ബാങ്ക് നല്‍കും. പുസ്തകങ്ങള്‍ 16-ാം തിയതി ലൈബ്രറി പ്രവര്‍ത്തകരെ കൂടെ കൊണ്ടു വന്നു വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് ഷാജി കെ ഡി പറഞ്ഞു.

കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അമര്‍ ചിത്രകഥ, സ്‌കോളാസ്റ്റിക്സ്, തൂലിക, സ്പൈഡര്‍, പെഗാസസ് തുടങ്ങിയ മിക്കവാറും എല്ലാ പ്രമുഖ പ്രസാധകരും മേളയിലുണ്ടെന്നതാണ് കുട്ടികളെ ഏറെ ആവേശഭരിതരാക്കുന്നത്. ഇവയ്ക്കു പുറമെ അക്കാദമിക് പുസ്തകങ്ങള്‍ക്ക് പ്രശസ്തരായ പിയേഴ്സണ്‍, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മക്ഗ്രാഹില്‍, വൈലി, ഷ്രോഫ്, എസ് ചന്ദ് ആന്‍ കോ എന്നിവരും ക്ലാസിക്കുകള്‍ക്കും മാസ്റ്റര്‍പീസുകള്‍ക്കും പേരു കേട്ട പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസും മേളയിലുണ്ട്. എസ്പിസിഎസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, മനോരമ, ചിന്ത, പൂര്‍ണ, സിഐസിസി, ഗ്രീന്‍ ബുക്സ് തുടങ്ങിയ പ്രമുഖ മലയാള പ്രസാധകര്‍ക്ക് പുറമെയാണിത്.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 136 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വന്‍കിട പ്രസാധകര്‍ക്കുമൊപ്പം കേരളത്തില്‍ നിന്നുള്ള 22 ചെറുകിട പ്രസാധകരുമുണ്ടെതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. ചെറുകിടക്കാരുടെ സ്റ്റാന്‍ഡുകളുള്‍പ്പെടെ 248 സ്റ്റാളുകളാണ് മേളയിലുള്ളത്. സാധാരണ നിലയ്ക്ക് കേരള വിപണയില്‍ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചില്‍ഡ്രന്‍സ് പുസ്തകങ്ങളാണ് മേളയില്‍ കേരളീയരെ കാത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top