Latest News

അഭിമന്യു വധം ; വിചാരണ ഇന്നാരംഭിക്കും

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. പോലീസ് സമര്‍പ്പിച്ച ഒന്നാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 16 പ്രതികളുടെ വിചാരണ നടപടികളാണ് ഇന്ന് ആരംഭിക്കുന്നത്. 27 പ്രതികളാണ് കേസില്‍ ആകെ ഉള്ളത്, ഇതില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ അഞ്ച് പേര്‍ ജാമ്യത്തിലാണ്.

കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള ഒന്ന് മുതല്‍ 16 പ്രതികളുടെ കുറ്റപത്രമാണ് പൊലീസ് ആദ്യം സമര്‍പ്പിച്ചത്. മറ്റ് പ്രതികള്‍ക്കെതിരെയുള്ള രണ്ടാം കുറ്റപത്രം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഏഴ് പേരെയാണ് ഇനി പിടികൂടാനുളളത്. മുഹമ്മദ് ഷമീം എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഇയാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം നടന്നത്.

ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയും അതില്‍ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വയറില്‍ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ ആയുധങ്ങളുപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top