Biennale

ഉപേക്ഷിക്കേണ്ടതായി യാതൊന്നുമില്ലെന്ന സന്ദേശവുമായി കളിപ്പാട്ട നിര്‍മ്മാതാവ് സുബിദ് അഹിംസ

ഉപേക്ഷിക്കാനായി ഒന്നുമില്ലെന്ന സന്ദേശം നല്‍കിക്കൊണ്ട് പ്രശസ്ത കളിപ്പാട്ട നിര്‍മ്മാതാവായ സുബിദ് അഹിംസ കൊച്ചി ബിനാലെയിലെ ആര്‍ട്ട് റൂമില്‍ നടത്തിയ പരിശീലന കളരി പുത്തന്‍ അനുഭവമായി. കുട്ടികളില്‍ കലാഭിരുചി വളര്‍ത്തുന്നതിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തുടങ്ങിയതാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതി. ഇതിന്റെ ഭാഗമായി കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ ആര്‍ട്ട് റൂം തുടങ്ങി. കുട്ടികള്‍ക്കായി വിവിധ തരത്തിലുള്ള പരിശീലന കളരികള്‍ ഇവിടെ സംഘടിപ്പിച്ചു വരുന്നു.

പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടമുണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നു സുബിദ് അഹിംസയുടെ ക്ലാസ്. കുട്ടികള്‍ക്ക് എന്തെങ്കിലും ആശയം പകര്‍ന്നു നല്‍കാന്‍ സാധിച്ചോയെന്നറിയില്ലെങ്കിലും അവരില്‍ നിന്നും താന്‍ ഏറെ പഠിച്ചെന്ന സുബിദ് പറഞ്ഞു. പാഴ് വസ്തുക്കള്‍ കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കുന്ന വിദ്യ പഠിച്ചത് ഈ രംഗത്തെ പ്രശസ്തനായ അരവിന്ദ് ഗുപ്തയില്‍ നിന്നാണ്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ എന്തും നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന വിശ്വാസം കുട്ടികള്‍ക്ക് കൊടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിലൂടെ മാലിന്യസംസ്‌ക്കരണത്തിന്റെ വലിയ പാഠവും കുട്ടികള്‍ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഐടിയില്‍ പഠിച്ചിറങ്ങി വലിയ കമ്പനിയിലെ ഉദ്യോഗം വേണ്ടെന്നു വച്ചാണ് സുബിദ് കളിപ്പാട്ട നിര്‍മ്മാണത്തിനിറങ്ങിത്തിരിച്ചത്. ഓരോ കളിപ്പാട്ടത്തിലൂടെയും അഹിംസയുടെ സന്ദേശം അദ്ദേഹം നല്‍കാനാഗ്രഹിക്കുന്നു. കുട്ടികളിലാണ് ഈ സന്ദേശം എളുപ്പം എത്തിക്കാന്‍ സാധിക്കുന്നത്. അവരെ സ്വാധീനിക്കാനുള്ള എളുപ്പവഴി കളിപ്പാട്ടങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുരുകയും അത് ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സുബിദ്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.

പേപ്പര്‍ ഫാന്‍, പാവ, പീപ്പി, പഴയ സിഡി ഉപയോഗിച്ചുള്ള പമ്പരം, പറക്കും കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി കളിപ്പാട്ടങ്ങളാണ് അദ്ദേഹം നിര്‍മ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top