ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യയോടേറ്റുവാങ്ങിയ തോല്‍വിക്കു പിന്നാലെ തായ്ലാന്ഡ് കോച്ച് മിലോവന്‍ റജേവാക്കിനെ പുറത്താക്കി.
തായ് ടീമിനെ ഏഷ്യാ കപ്പിന്റെ രണ്ടാംറൗണ്ടില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പരിശീലകസ്ഥാനത്തു നിന്നും നീക്കുമെന്ന് നേരത്തെ തന്നെ ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. ഗ്രൂപ്പിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ യുഎഇ, ബഹ്റൈന്‍ എന്നിവര്‍ക്കെതിരേ ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് സാധ്യത ഉണ്ടെന്നിരിക്കെയാണ് തായ് ഫുട്ബോള്‍ അസോസിയേഷന്റെ കടുത്ത നടപടി.
ഞായറാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തായ്ലാന്ഡിനെതിരെ വിജയം നേടിയത്. ആദ്യപകുതി മികച്ച പ്രകടനം കാഴ്ച്ച വച്ചെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്കായിരുന്നു സമ്പൂര്‍ണ ആധിപത്യം. ആദ്യപകുതി അവസാനിച്ചപ്പോള്‍ ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞ കളി രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ നേടി ഇന്ത്യ ഏകപക്ഷീയമായി തിരിച്ചുപിടിക്കുകയായിരുന്നു.