കോഴിക്കോട്: രാഷ്ട്രീയ അക്രമങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാവ് പന്നിമുക്ക് മാണിക്കോത്ത് അതുല്ദാസാണ് അറസ്റ്റിലായത്.
പൊലീസ് അറസ്റ്റ് ചെയ്ത അതുല്‍ദാസിനെ റിമാന്‍ഡ് ചെയ്തു. ജനുവരി മൂന്നിലെ ഹര്‍ത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറയുന്നു.
ദൃക്സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പൊലീസ് അതുല്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാമ്പ്രയില്‍ ടൗണില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തി. പിന്നീട് പേരാന്പ്ര-വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്.