Biennale

ഡര്‍ബാര്‍ ഹാളിന്റെ പ്രൗഢിയില്‍ ബിനാലെ ചിത്രക്കാഴ്ചകള്‍

ജോര്‍ജ് മാത്യു

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന പ്രൗഢഗംഭീരമായ ലളിതകലാ അക്കാദമിയിലാണ് ബിനാലെയിലെ മൂന്ന് ചിത്രകാരന്മാരുടെ വ്യത്യസ്തമായ ഇന്‍സ്റ്റലേഷനുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പച്ചപ്പരവതാനി വിരിച്ച പോലെയുള്ള ദര്‍ബാര്‍ ഗ്രൗണ്ടിന്റെ മൈതാനം മുറിച്ച് കടന്ന് ലളിതകലാ അക്കാദമിഹോളിലെ ചിത്രങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് വരകളുടെ നേര്‍ക്കാഴ്ച വിസ്മയാനുഭവമാണ്.

മൃണാളിനി മുഖര്‍ജി, കെപി കൃഷ്ണകുമാര്‍, ചിത്തൊപ്രൊശാദ് ഭട്ടാചാര്യ എന്നീ മൂന്ന് കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്.

മുംബൈ സ്വദേശിനിയായ മൃണാളിനി മുഖര്‍ജി ചണമാണ് മാധ്യമമായി കണ്ടെത്തിയിരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ താഴത്തെ നിലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രതിഷ്ഠാപനം നെയ്ത്തിന് ബദലായി കുരുക്കലിന്റെ സങ്കേതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് നാരു രൂപങ്ങളെ വാര്‍ത്തെടുത്തതാണ്.

മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ലൈംഗികതയുടേയും ബിംബങ്ങള്‍ ഉണര്‍ത്തുന്ന ഇതിലെ രൂപങ്ങള്‍ക്ക് ഗോത്രചിഹ്ന സമാനമായ സ്വഭാവമാണുള്ളത്. ബറോഡയിലെ എംഎസ്‌യുവില്‍ ചിത്രകലാ പഠനകാലത്ത് നടന്ന വാര്‍ഷിക പ്രദര്‍ശനത്തിനിടയിലാണ് തന്റെ കലാ നിര്‍മിതിയില്‍ ചണനൂലിനുള്ള സാധ്യത മൃണാളിനി കണ്ടെത്തിയത്.

ചിത്തൊപ്രൊശോദിന്റെ ബിനാലെയിലെ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ വരകള്‍ പെയിന്റിംഗുകള്‍ അതുപോലെ അദ്ദേഹത്തിന്റെ മാനുഷിക – രാഷ്ട്രീയ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റ് വരകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഇവയില്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രകലാ രചനകള്‍ , രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ , കളറുകളുപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഇതിന് പുറമേ ചിത്തൊപ്രൊശോഭിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള വ്യക്തിഗത ഫോട്ടോഗ്രാഫുകളും ഒപ്പം പീപ്പിള്‍സ് ഏജ്, പീപ്പിള്‍സ് വാര്‍ എന്നീ പത്രങ്ങളില്‍ വന്ന അദ്ദേഹത്തിന്റെ വരകളും ഉള്‍പ്പെടുന്നു.

സ്വന്തമായി പഠിച്ച കലാകാരന്‍, കവി, കഥാകാരന്‍, അതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ അംഗവുമായ ചിത്തൊപ്രൊശാഭ് ഗ്രാമീണ കലാരൂപങ്ങള്‍, കരകൗശലക്കാര്‍, പാവ നിര്‍മാതാക്കള്‍ എന്നിവയില്‍ നിന്നാണ് തന്റെ കലാപ്രവര്‍ത്തനത്തിനായുള്ള പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.

കെപി കൃഷ്ണകുമാറിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അവ എല്ലാം തന്നെ ലൈംഗിക തൃഷ്ണയുള്ള ആണത്ത ആത്മത്തിലൂടെ പലപ്പോഴും സത്യ-മനുഷ്യ സങ്കരങ്ങളിലൂടെയാണ് ആവിഷ്‌കരിച്ചരിക്കുന്നത്.

ഒരു കലാകാരെന്ന നിലയില്‍ ചിത്രരേഖകളാണ് അദ്ദേഹത്തിന്റെ പ്രദര്‍ശന ചിത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

മഷിയില്‍ ബ്രഷ് മുക്കിയാല്‍ എന്തൊക്കെ സാധ്യമാകുമോ അതൊക്കെ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ രേഖകള്‍, കട്ടി കൂടിയ ദ്രുതഗതിയിലുള്ള രേഖകള്‍ എന്നിവയെല്ലാം അദ്ദേഹം വരച്ച് ചേര്‍ത്തിട്ടുണ്ട്.

കേരളീയനായ കൃഷ്ണകുമാറിന് മലയാളത്തിലെ തനത് സാഹിത്യകൃതികളും ലോക സാഹിത്യങ്ങളില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും പ്രധാന പ്രചോദന സ്രോതസ്സുകളായി മാറിയിട്ടുണ്ട്.

കൊച്ചി രാജാവിന്റെ പഴയ ഡര്‍ബാര്‍ഹോളായിരുന്ന ലളിതകലാ അക്കാദമിയുടെ പ്രൗഢി ബിനാലെ ചിത്രകലാ കാഴ്ചയ്ക്ക് പുതിയ മാനമാണ് നല്‍കി വരുന്നത്.

പുതിയ തലമുറയ്ക്ക് ഇതൊക്കെ വിസ്മയമായി മാറുമ്പോള്‍ നഗരത്തില്‍ വന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ബിനാലെയുടെ ഭാഗമാകാന്‍ മറ്റൊരു അവസരം കൈവരുകയാണ്. ചിത്ര രചനയുടെ പുതിയ ഭാവങ്ങള്‍ കണ്ടിറങ്ങുമ്പോള്‍ ബിനാലെയുടെ ഈ വര്‍ഷത്തെ ശീര്‍ഷകം ഒരിക്കല്‍കൂടി ഓര്‍മയില്‍ വരും, അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top