കൊച്ചി: സോളാര്‍ കേസിലെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സരിത എസ് നായരുടെ കത്ത് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്നും നീക്കി. കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച് എഴുതിയ കത്ത് ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിരുന്നു. ഈ കത്താണ് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയത്. അതേസമയം, സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിക്കാനെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി, അതേസമയം മുന്‍മന്ത്രി തിരുവഞ്ചൂര്‍ നല്കിയ ഹര്‍ജി തള്ളി. സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ നിന്ന് നീക്കിയ സാഹചര്യത്തില്‍ സോളാര്‍ കേസ് തന്നെ ഇല്ലാതായെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.