Home app

പെണ്‍ അഴകിന്റെ കരുത്ത്

പുരുഷ ശരീര സൗന്ദര്യത്തിന്റെ മാസ്മരിക പ്രദര്‍ശനം മാത്രമായിരുന്നില്ല ഇപ്രാവശ്യത്തെ കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന മിസ്റ്റര്‍ കേരള ബോഡി ബില്‍ഡിംഗ് ഫൈനല്‍ മത്സരം. ദര്‍ബാര്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 25ന് നടന്ന മിസ്റ്റര്‍ കേരള ഫൈനല്‍ തെരഞ്ഞെടുപ്പ് പുരുഷന്‍മാരുടെ മസില്‍പ്പെരുക്കം കൊണ്ട് മാത്രമല്ല, പെണ്ണഴകിന്റെ സൗമ്യത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രാഥമിക റൗണ്ടില്‍ നാന്നൂറോളം പേര്‍ പങ്കെടുത്ത മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അസോസിയേഷന്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ബോഡി ഫിറ്റ്‌നെസ്സ് ചാമ്പ്യന്‍ഷിപ്പാണ് അവതരണത്തിന്റെ പുതുമകൊണ്ടും പങ്കെടുത്തരുടെ മികവ് കൊണ്ടും കാണികളുടെ കൈയ്യടി നേടിയത്. ലോക രാഷ്ട്രങ്ങളില്‍ പ്രചുര പ്രചാരം നേടിയ വനിതകള്‍ക്കായുള്ള ഫിറ്റ്‌നെസ്സ് മത്സരം ഇന്ത്യയിലും മികച്ച പ്രതികരണം നേടിവരികയാണെന്ന് ഇന്റര്‍നാഷണല്‍ ഫിറ്റിനെസ്സ് ആന്റ് എയ്‌റോബിക് അക്കാദമി ഡയറക്ടര്‍ കെസ്ബാന്‍ ക്ലീന്‍ കേരള വിഷനോട് പറഞ്ഞു. സ്ത്രീകള്‍ മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഫിറ്റ്‌നെസ്സ് എയ്‌റോബിക്‌സ് കേന്ദ്രങ്ങള്‍ നിലവില്‍ വരണമെന്ന് ജര്‍മന്‍ സ്വദേശിയായ കെസ്ബാന്‍ പറഞ്ഞു. മത്സരചടങ്ങിലെ ക്ഷണിക്കപ്പെട്ട മുഖ്യാഥിതിയായിരുന്നു കെസ്ബാന്‍.

അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയായിരുന്നു വനിതകള്‍ക്കായുള്ള ബോഡി ഫിറ്റ്‌നെസ്സ് ചാമ്പ്യന്‍ഷിപ്പ് കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ചത്. പങ്കെടുത്തവരില്‍ പലരും ആദ്യമായിരുന്നുവെങ്കിലും അതിന്റെ പരിഭ്രമം മത്സരാര്‍ഥികള്‍ പ്രകടിപ്പിച്ചില്ല. സിനിമാ താരവും ബോഡി ബില്‍ഡറുമായ അബു സലീമിനെപ്പോലെ പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് മത്സരം നിയന്ത്രിച്ചത്. അന്താരാഷ്ട്ര ചിട്ടവട്ടങ്ങള്‍ക്ക് അനുസൃതമായി സംഘടിപ്പിച്ച വനിതാ വിഭാഗം ഫിറ്റ്‌നെസ്സ് ചാമ്പ്യന്‍ഷിപ്പ് മാഹി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയും കണ്ണൂര്‍ സ്വദേശിയുമായ മജീസിയാ ഭാനു കരസ്ഥമാക്കി.

ഫിറ്റ്‌നസ്സിന്റെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചതാണ് ഭാനുവിന് ചാമ്പ്യന്‍ഷിപ്പ് ലഭിക്കാന്‍ കാരണമെന്ന് കെസ്ബാന്‍ പറഞ്ഞു.
മത്സരത്തില്‍ പങ്കെടുത്തവരില്‍ പലരും അല്‍പ  വസ്ത്രധാരികളായിരുന്നുവെങ്കിലും മജീസിയാ പൂര്‍ണ വസ്ത്രം ധരിച്ചാണ് പങ്കെടുക്കാനെത്തിയത്.
‘എന്റെ മുസ്ലിം മതത്തെ പൂര്‍ണമായി ബഹുമാനിച്ചാണ് പൂര്‍ണ വേഷവിധാനത്തോടെ ഞാന്‍ മത്സരത്തിനെത്തിയത്.” മജിസിയ കേരള വിഷനോട് പറഞ്ഞു. ആദ്യമായി ഫിറ്റ്‌നെസ്സ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി വലിയ സന്തോഷത്തിലായിരുന്നു ഈ മൊഞ്ചത്തി.

മജീസിയാ ഭാനു

2017ല്‍ ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായ മജിസിയാ ആദ്യമായാണ് ഫിറ്റ്‌നെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഫൈനല്‍ മത്സരത്തില്‍ തന്നെ എട്ടോളം വരുന്ന മത്സരാര്‍ഥികളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ അമ്പരപ്പ് ഈ പെണ്‍കുട്ടിയില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്ന് ധൈര്യപൂര്‍വം ഇത്തരം മത്സരങ്ങളിലേക്ക് കടന്നുവരുവാന്‍ കുടുംബത്തില്‍ നിന്ന് പൂര്‍ണസഹകരണം ലഭിക്കുന്നുണ്ടെന്ന് മജിസിയ അഭിമാനത്തോടെ പറഞ്ഞു.

2017-18ലെ ഫിറ്റ്‌നെസ്സ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതോടെ കായിക കേരളം ഈ പെണ്‍കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ ഇടയുണ്ട്. അന്താരാഷ്ട്ര തലങ്ങളില്‍ ഫിറ്റ്‌നെസ്സ്, എയ്‌റോബിക്‌സ് കായിക മത്സരങ്ങള്‍ക്ക് വനിതകള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിച്ച് വരുന്നത്. താമസിയാതെ തന്നെ കേരളത്തിലും കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top