Business

മൊബൈല്‍ ക്യാമറയില്‍ പുതിയ അധ്യായം രചിച്ച് നോക്കിയ

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്യാമറ. 0.2 മെഗാപിക്‌സല്‍ വിജിഎ ക്യാമറ മുതല്‍ 4k എച്ച്ഡി റെസല്യൂഷന്‍ നല്‍കുന്ന മൊബൈല്‍ ക്യാമറകള്‍ വരേക്കും വിപണിയില്‍ ലഭ്യമാണ്. ഇങ്ങനൊരു കട്ട കോംപറ്റീഷന്‍ രംഗത്തേക്കാണ് മൊബൈല്‍ ലോകത്തെ രാജാക്കന്‍മാരായിരുന്ന നോക്കിയ അരയും തലയും മുറുക്കി മറ്റൊരു അങ്കത്തിനിറങ്ങുന്നത്. സെല്‍ഫി തരംഗമായി മാറിയ യൂത്തിന്റെ ഇടയിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന ക്യാമറ ക്ലാരിറ്റിയുമായാണ് നോക്കിയ എത്തുന്നത്.

നോക്കിയ 10 പെന്റാ എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡലില്‍ മറ്റാരും വിഭാവനം ചെയ്യാത്ത രീതിയില്‍ അഞ്ച് ക്യാമറകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും പുറത്തുവന്ന ചിത്രങ്ങളും ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായവും നോക്കിയ 10ലെ ക്യാമറ ഗംഭീരമാകുമെന്ന് പ്രവചിക്കുന്നു. ലെന്‍സ് നിര്‍മ്മാണ കമ്പനിയായ സെയ്‌സുമായി ചേര്‍ന്നാണ് ക്യാമറ നിര്‍മ്മിക്കുന്നത്.

ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒന്നിലധികം ക്യാമറകള്‍ വിവിധ ഫോക്കല്‍ ലെങ്തുകളില്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. റിയര്‍ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്ന ഡയല്‍ കറക്കാം എന്നതും നോക്കിയക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയായിരിക്കും. ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രം പുറത്തെത്തിക്കാവുന്ന തരത്തിലാണ് ക്യാമറയുടെ നിര്‍മ്മാണമെന്നും അഭ്യൂഹമുണ്ട്. അതേസമയം ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

സ്‌നാപ്പ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 18:9 ബെസല്‍-ലെസ് ഡിസ്‌പ്ലെ, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ മുതലായവയാണ് മറ്റ് ഫീച്ചറുകള്‍. അടുത്ത കാലത്തായി ഒന്നിലധികം ഉയര്‍ന്ന മോഡലുകളുമായി നോക്കിയ വിപണിയിലെത്തിയിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടിയ വിലയായിരുന്നു ഉപയോക്താക്കളെ നോക്കിയയില്‍ നിന്നും അകറ്റിയത്. എന്നാല്‍ കെട്ടിലും മട്ടിലും കാര്യമായ മാറ്റം വരുത്തി വീണ്ടുമെത്തുമ്പോള്‍ പഴയ പ്രതാപം നോക്കിയ തിരിച്ചുപിടിക്കുമോ എന്നാണ് സ്മാര്‍ട്ട്‌ലോകം കാത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top