ഒന്നര കിലോ കഞ്ചാവുമായി പോയ ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കൈയ്യില്‍ കുത്തേറ്റു. ഓട്ടോ മോഹനന് എന്നറിയപ്പെടുന്ന മോഹന്‍ദാസാണ് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി പ്രവീണിനെ കുത്തിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ മേനംകുളത്താണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇയാള്‍ കത്തി വീശുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനിടെയാണ് ഇന്‍സ്പെക്ടര്‍ക്ക് കൈയ്യില്‍ കുത്തേറ്റത്.
മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് കൊലക്കേസുകള്‍ നിലവിലുണ്ട്. കൂടാതെ നിരവധി കേസുകളിലും പ്രതിയാണ് ഓട്ടോ മോഹനനെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചങ്ങനാശേരി പായിപ്പാട് അടവിച്ചിറ വിഷ്ണുവിലാസത്തില്‍ സുകുമാരന്റെ മകനായ മോഹന്‍ദാസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പ്രിവന്റീവ് ഓഫീസര്‍ പത്മകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ കൃഷ്ണകുമാര്‍, പ്രശാന്ത്, ഒബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയുടെ വാഹനത്തില്‍ നിന്ന് വടിവാള്‍, ഇരുമ്പ് കമ്പി എന്നിവയും കണ്ടെടുത്തു. കുത്തേറ്റ ഇന്‍സ്പെക്ടര്‍ക്ക് മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ശുശ്രൂഷ നല്കി.