ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്. കരിയറിന്റെ തുടക്കത്തില്‍ തന്നെ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കരിയറിന്റെ തുടക്കത്തില്‍ എനിക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നായികയ്ക്ക് ചേര്‍ന്ന രൂപമല്ല എന്റേതെന്ന് പറഞ്ഞ് പല നിര്‍മ്മാതാക്കളും അപമാനിച്ചിട്ടുണ്ട്. കരാര്‍ ഉറപ്പിച്ച ഒരുപാട് ചിത്രങ്ങളില്‍ നിന്ന് അവസാന നിമിഷം എന്നെ മാറ്റിയിട്ടുണ്ട്. ഒരിക്കല്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് ഒരു നായികയ്ക്ക് വേണ്ട രൂപഭംഗി ഇല്ലെന്ന് വരെ പറഞ്ഞിരുന്നു. ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചു. ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു. എന്റെ രൂപം മോശമാണെന്ന തോന്നല്‍ എനിക്കും ഉണ്ടായി. ഒരിക്കല്‍ ചെന്നൈയില്‍ വെച്ച് ഒരു സംവിധായകന് എന്നെ കാണാന്‍ വന്നു. കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കോഫി ഷോപ്പില്‍ ഒരുപാട് ആളുകള്‍ ഉണ്ടെന്നും റൂമില്‍ പോയി സംസാരിക്കാമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ റൂമില്‍ ചെന്നു. ഞാന്‍ വാതില്‍ തുറന്നിട്ട് സംസാരിച്ചു, അതോടെ അയാള്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചു പോയി- വിദ്യാ ബാലന് പറഞ്ഞു.