ഉത്തർപ്രദേശ്: ഉന്നാവ് കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെംഗാറിന്റെ ചിത്രമുള്ള പത്രപരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. ഒരു ഹിന്ദി പ്രാദേശിക പത്രത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശമടങ്ങുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്.  പരസ്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രവുമുണ്ട്. സ്വാതന്ത്ര്യദിനത്തിനൊപ്പം രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നുളള പരസ്യം നല്‍കിയിരിക്കുന്നത് ഉഗു പഞ്ചായത്ത് ചെയര്‍മാന്‍ അഞ്ചു കുമാര്‍ ദിക്ഷിതാണ് ഈ പരസ്യം നല്‍കിയിരിക്കുന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

കുല്‍ദീപ് സിംഗ് പ്രദേശത്തെ എം എല്‍ എ ആയതിനാലാണ് പരസ്യത്തില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നാണ് അഞ്ചു കുമാര്‍ ദിക്ഷിത് പറയുന്നത്. ബിജെപിയുമായി ഈ പരസ്യത്തിന് ഒരു ബന്ധവുമില്ലെന്നും അഞ്ചു കുമാര്‍ ദീക്ഷിത് പറയുന്നു. കുല്‍ദീപിന്‍റെ ചിത്രത്തിന് പുറമെ ഭാര്യയും സില പഞ്ചായത്ത് ചെയര്‍പേഴ്സണുമായ സംഗീത സെംഗാറിന്റെ ചിത്രവും പരസ്യത്തിലുണ്ട്. പത്ര പരസ്യവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വക്താവ് ശരഭ്മണി ത്രിപതി അറിയിച്ചു.

അതേസമയം ഉന്നാവ് കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയ്ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. ദില്ലിയിലെ കോടതിയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണത്തിലാണ് കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്. കഴിഞ്ഞ മാസം ഉന്നാവ് പെണ്‍കുട്ടി റായ്ബറേലിക്കുള്ള പാതയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ദില്ലി എയിംസില്‍ ചികിത്സയിലാണുള്ളത്.