ന്യൂഡല്‍ഹി: മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ ചെയ്തു. മുന്‍ ബി.ജെ.പി എം.എല്‍.എ മനോജ് ഷൊക്കീനെതിരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് കേസെടുത്തത്. കേസില്‍ ഇരയായ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
2018 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയുടെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെയും സഹോദരന്റെയും കൂടെ മീരാബാഗിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് പീഡനം നടക്കുന്നത്. വരും വഴി താമസിക്കുന്നതിനായി ഹോട്ടലെടുക്കുകയും അന്ന് അവിടെ പുതുവര്‍ഷം ആഘോഷിക്കുകയും ചെയ്ത യുവതിയും സംഘവും പിറ്റേന്ന് പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തി. ശേഷം യുവതി ഉറങ്ങാന്‍ കിടക്കുകയും ഭര്‍ത്താവ് സുഹൃത്തുക്കളുടെ കൂടെ പുറത്തുപോവുകയും ചെയ്തു. ഈ സമയം ഭര്‍ത്താവിന്റെ പിതാവ് യുവതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.