Kerala

കേരളത്തില്‍ മഴ കനക്കുന്നു; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട്
എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. 

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം ഉണ്ടായി. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി. ജില്ലയില്‍ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളം കയറി.

വയനാട്ടിലും വ്യാപകനാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എറണാകുളം-ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, കൊച്ചുവേളി-ബംഗലൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. പാലക്കാട്ടെ അട്ടപ്പാടി, ഷോളയൂര്‍, അഗളി, നെല്ലിയാംമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. തിരുവനന്തപുരത്ത് കനത്തകാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി, ചിറയിന്‍കീഴിന് സമീപം മാവേലി എക്‌സ്പ്രസിന് മുകളില്‍ മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം കുമളി റോഡില്‍ ബസ് ഗതാഗതം നിര്‍ത്തിവെച്ചു. ഇടുക്കി ജില്ലയിലെ 2 ഡാമുകളുടെ ഷട്ടര്‍ തുറന്നു. മലങ്കര ഡാമിന്റെ 5 ഷട്ടറുകള്‍ തുറന്നു.  ജലനിരപ്പ് ഉയര്‍ന്ന കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഒരോ ഷട്ടറുകള്‍ കൂടിയാണ് ഉയര്‍ത്തിയത്. മത്സ്യതൊഴിലാളികള്‍ 4 ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 2 ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ അട്ടപ്പാടിയിലും വയനാട്ടിലും 2 പേര്‍ മരിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ നാശനഷ്ടമുണ്ടാക്കി. നിലമ്പൂരിലും മൂന്നാറിലും വെള്ളപ്പൊക്കമുണ്ടായി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top