Latest News

ഇന്ത്യയിലെ തെരുവു നായ്ക്കളെ ദത്തെടുത്ത് അമേരിക്കന്‍ യുവതി

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവു നായ്ക്കള്‍ക്ക് പുതുജീവിതം നല്‍കി മാതൃകയായിരിക്കുകയാണ് ജെസീക്ക ഹാട്ട്സ്മാന്‍ എന്ന അമേരിക്കന്‍ യുവതി. ഇന്ത്യയിലെ തെരുവു നായ്ക്കളെ രക്ഷിക്കുകയെന്നത് തന്റെ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് 26 കാരിയായ ജെസീക്ക. അമേരിക്കയിലെ സിയാറ്റില്‍ സ്വദേശിയായ ജെസീക്ക കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ 41 നായ്ക്കളെയാണ് ദത്തെടുത്ത് അമേരിക്കയിലും കാനഡയിലും അവരെ സ്വീകരിക്കാന്‍ തയ്യാറായ കുടുംബങ്ങള്‍ക്ക് നല്‍കിയത്. ഈ നായ്ക്കളെല്ലാം ഇന്ത്യന്‍ തെരുവുകളില്‍ നിസ്സഹായവസ്ഥയില്‍ കഴിഞ്ഞിരുന്നവരാണ്.
2017 ലാണ് ജെസീക്ക ഇന്ത്യയില്‍ എത്തുന്നത്. തന്റെ ഹോട്ടല്‍ മുറിയില്‍ നിന്നും വല്ലാത്ത കരച്ചില്‍ കേട്ടു പുറത്തിറങ്ങിയ ജെസീക്ക കണ്ടത് വേദനിച്ചു കരയുന്ന നായ്ക്കുട്ടിയെയാണ്. ആരോ ക്രൂരമായി അടിച്ചോടിച്ച നായ്ക്കുട്ടിക്ക് മുടന്തുണ്ടായിരുന്നു. ദയ തോന്നിയ ജെസീക്ക നായ്ക്കുട്ടിയെ ഒരു മൃഗഡോക്ടറിനടുത്തെത്തിച്ചു. ഗുരുതരമായി അതിന് പരിക്കേറ്റിരുന്നു. വാരിയെല്ലുകള്‍ പൊട്ടുകയും ശരീരത്തിലെ മുറിവില്‍ അണുബാധയേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കും തുടര്‍ന്ന തായ്ലന്‍ഡിലേക്കും യാത്ര ചെയ്യാനുള്ള തന്റെ പദ്ധതി ഉപേക്ഷിച്ച് നായ്ക്കുട്ടിക്കു സുഖമാകുന്നതുവരെ ഇന്ത്യയില്‍ കഴിയാന്‍ ജെസീക്ക തീരുമാനിച്ചു. ഡല്‍ഹിയെന്ന് അതിന് പേരുമിട്ടു.

മുറിവുകളുണങ്ങിയപ്പോള്‍ തന്റെ യാത്ര തുടര്‍ന്ന ജെസീക്ക കൂടെ ഡല്‍ഹിയെയും കൂട്ടി. തിരിച്ച് അമേരിക്കയിലെ തന്റെ വീട്ടില്‍ എത്തുമ്പോഴും ഡല്‍ഹി ജെസീക്കയുടെ കൂടെ ഉണ്ടായിരുന്നു. തനിക്കാവുന്നതു പോലെ ഡല്‍ഹിയെ ജെസീക്ക പരിപാലിച്ചെങ്കിലും ഗുരുതരമായ മുറിവുകള്‍ സുഖപ്പെടാതിരുന്നതു മൂലം നായ്ക്കുട്ടിയുടെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. ഡല്‍ഹിയെപ്പോലുള്ള തെരുവു നായ്ക്കള്‍ യാതനകളില്ലാത്തൊരു ജീവിതം അര്‍ഹിക്കുന്നുണ്ടെന്നും അവരെ സഹായിക്കാന്‍ തനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്നും ജെസീക്ക തീരുമാനിക്കുന്നത് ഈ സംഭവത്തിനു ശേഷമാണ്.

2018 നവംബറില്‍ ഡല്‍ഹി ദി സ്ട്രീറ്റ് ഡോഗ് ഫൗണ്ടേഷന്‍ എന്നൊരു സംഘടനയ്ക്ക് ജെസീക്ക രൂപം നല്‍കി. സന്നദ്ധ പ്രവര്‍ത്തകരെയും മൃഗക്ഷേമ സംഘടനകളെയും ഒപ്പംകൂട്ടിയാണ് തെരുവു നായ്ക്കള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം. നായ്ക്കളെ ദത്തെടുത്ത് അമേരിക്കയിലും കാനഡയിലും ഇവരെ വളര്‍ത്താന്‍ താത്പര്യമുള്ളവരെ ജെസീക്കയുടെ സംഘടന കണ്ടെത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top