Latest News

ഷോര്‍ട്‌സിന് ഇറക്കം പോര; അടിവസ്ത്രം മാത്രമിട്ട് തീസിസ് അവതരിപ്പിച്ച് വിദ്യാര്‍ത്ഥിനി

ന്യൂയോര്‍ക്കിലെ കോര്‍ണ്ണല്‍ സര്‍വകലാശാലയില്‍ അടിവസ്ത്രം മാത്രമിട്ട് തന്റെ തീസിസ് അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റീഷ്യ ചായ് എന്ന പെണ്‍കുട്ടി. തീസിസ് അവതരിപ്പിക്കാനെത്തിയപ്പോള്‍
ധരിച്ച ഷോര്‍ട്‌സിന് ഇറക്കം പോരെന്നും അതു പ്രബന്ധവിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്നും പ്രെഫസര്‍ പറഞ്ഞതിലുള്ള പ്രതിഷേധമാണ് അടിവസ്ത്രം മാത്രമിട്ടുള്ള പെണ്‍കുട്ടിയുടെ തീസിസ് അവതരണം. പെണ്‍കുട്ടിയുടെ പ്രതിഷേധം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

ക്ലാസില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്റെ വനിതാ പ്രഫസര്‍ നടത്തിയ കമന്റ് കേട്ട് ആദ്യം ലെറ്റീഷ്യ എങ്ങനെ പ്രതികരിക്കണമന്ന് അറിയാതെ അമ്പരന്നു. ക്ലാസിലുള്ള മറ്റു ചില വിദ്യാര്‍ഥികള്‍ക്കും പ്രെഫസറുടെ കമന്റ് ഞെട്ടലുളവാക്കി. ഒരു രാജ്യാന്തര വിദ്യാര്‍ത്ഥി മാത്രം പ്രെഫസറെ അനുകൂലിച്ചു. ട്രയല്‍ കഴിഞ്ഞ് ക്ലാസിന്റെ പുറത്തെത്തിയിട്ടും പ്രഫസര്‍ ലെറ്റീഷ്യയെ വെറുതേ വിട്ടില്ല. നിന്റെ അമ്മ ഈ വസ്ത്രത്തെ കുറിച്ച് എന്തു ചിന്തിക്കുമെന്നായിരുന്നു പ്രെഫസറുടെ ചോദ്യം.

ഒരു ഫെമിനിസ്റ്റും ജെന്‍ഡര്‍സെക്ഷ്വാലിറ്റി സ്റ്റഡീസ് പ്രഫസറുമായ അമ്മ ലിംഗഭേദമന്യേ എല്ലാവരുടെയും ശാക്തീകരണത്തിനായി ജീവിതം സമര്‍പ്പിച്ചയാളാണെന്നും അതിനാല്‍ തന്റെ ഷോര്‍ട്‌സ് അമ്മയ്‌ക്കൊരു പ്രശ്‌നമല്ലെന്നും ലെറ്റീഷ്യ ഫെയ്‌സ്ബുക്കില്‍ പിന്നീട് കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെ തന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും പിന്തുണ തേടിയ ശേഷമായിരുന്നു ലെറ്റീഷ്യയുടെ തീസിസ് സ്ട്രിപ്പിങ്.

തീസിസ് അവതരണത്തിനായി നീളമേറിയ വസ്ത്രമൊക്കെ ധരിച്ചെത്തിയ ലെറ്റീഷ്യ തന്റെ പ്രസംഗത്തിനു തൊട്ട് മുന്‍പ് വസ്ത്രമെല്ലാം ഊരിക്കളഞ്ഞ് അടിവസ്ത്രത്തില്‍ നിന്നു. കൂളായി അവതരണവും നടത്തി. ലെറ്റീഷ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റൂമിലുണ്ടായിരുന്ന മറ്റ് ചില ഗവേഷണ വിദ്യാര്‍ഥികളും തങ്ങളുടെ വസ്ത്രമുരിഞ്ഞു. മറ്റുള്ളവരുടെ സൗകര്യത്തിനു വേണ്ടി സ്വന്തം രൂപ ഭാവങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണ് ഈ പ്രതിഷേധമെന്നും ലെറ്റീഷ്യ സദസ്സിനോട് പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥികള്‍ എന്ത് ധരിക്കണമെന്നോ എന്താണ് അനുയോജ്യമെന്നോ ഒന്നും താന്‍ പറയാറില്ലെന്നും സ്വയം വിചിന്തനം നടത്തി തീരുമാനമെടുക്കാനാണ് ആവശ്യപ്പെടാറുള്ളതെന്നും അധ്യാപിക പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top