വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നുമുള്ള വാര്‍ത്തകളെ തള്ളി റാണ ദഗുബാട്ടി. ആരോഗ്യവിവരങ്ങളെക്കുറിച്ച് തിരക്കിയ ആരാധകന്റെ കമന്റിനു മറുപടി നല്‍കിയായിരുന്നു താരത്തിന്റെ വിശദീകരണം. താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഒരാരാധകന്റെ ചോദ്യം. ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്സൈറ്റുകള്‍ വായിക്കുന്നത് നിര്‍ത്തൂ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.
വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന് ആശംസകള്‍ നല്‍കാനായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലായാണ് റാണയുടെ ആരോഗ്യത്തെസംബന്ധിച്ച ആകുലത ആരാധകര്‍ പങ്കുവച്ചത്. കഴിഞ്ഞ ഒരാഴ്ചയായി താരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും താരം നിശബ്ദത പാലിക്കുകയായിരുന്നു.