തിരുവനന്തപുരം: അടുത്ത വീട്ടിലെ നായയുമായി അവിഹിത ബന്ധമാരോപിച്ച് വീട്ടില്‍ വളര്‍ത്തിയ പോമറേനിയന്‍ പെണ്‍പട്ടിയെ ഉടമ തെരുവില്‍ ഉപേക്ഷിച്ചു. കത്തുമെഴുതിവെച്ചാണ് ഉടമ പോമറേനിയനെ തെരുവില്‍ ഉപേക്ഷിച്ചത്. അയല്‍വീട്ടിലെ നായയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഉടമ പെണ്‍പട്ടിയെ ഉപേക്ഷിച്ചത്.
കഴുത്തില്‍ കുറിപ്പോടുകൂടിയാണ് പട്ടിയെ ഉപേക്ഷിച്ചിരിക്കുന്നത്. കഴുത്തില്‍ കെട്ടിയ കോളറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുറിപ്പ്. കുറിപ്പില്‍ പറയുന്നതിങ്ങനെ- ‘നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങള്‍ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3 വര്‍ഷമായി ആരെയും കടിച്ചിട്ടില്ല, പാല്, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്.’
പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഷമീമിനാണ് പട്ടിക്കുട്ടിയെ ലഭിച്ചത്. ഞായറാഴ്ച രാത്രിയാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പോമറേനിയന്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ഷമീം ഫാറൂഖിന് ഫോണ്‍ കോള്‍ വന്നത്. പട്ടിയെ വളര്‍ത്താന്‍ താല്പര്യമുള്ളവര്ക്ക് നല്‍കുമെന്ന് ഷമീം പറഞ്ഞു.