തിരുവന്തപുരം: വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടരുകയാണ്.
ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ചാണ് ഒരു വിവരവും ഇല്ലാത്തത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല.