കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി. അഞ്ചു സുഹൃത്തുക്കള്‍ പിടിയില്‍. ഇവര്‍ ലഹരി കച്ചവട സംഘത്തിന്റെ അംഗങ്ങളാണ്. കൊലയ്ക്കു കാരണം വൈരാഗ്യമെന്ന് സൂചന. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ മരണത്തിന് പക വീട്ടിയെന്ന് സൂചന. അന്വഷണത്തില്‍ പോലീസ് വീഴ്ച്ച വരുത്തിയെന്ന് പിതാവ് പരാതിപ്പെട്ടു. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിച്ചില്ലെന്ന് പിതാവ് പറഞ്ഞു. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുമ്പ് കാണാതായ കുമ്പളം സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂലൈ രണ്ട് മുതല്‍ അര്ജുന് എന്നയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. പ്രതികളിലൊരാളായ നിപിന് തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരന്‍ അര്‍ജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നിപിന്റെ സഹോദരനൊപ്പം അര്ജുന് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തത്.
കളമശേരിയില്‍ വച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്ജുന് സാരമായി പരുക്കേറ്റിരുന്നു. അര്ജുന് തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായും തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും നിപിന് പറഞ്ഞതായി വിവരം ലഭിച്ചു. ഇതോടെ പ്രതികളെ അര്‍ജുന്റെ വീട്ടില്‍ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.
സംഭവ ദിവസം ജൂലൈ രണ്ടാം തീയതി രാത്രിയോടെ സമീപപ്രദേശത്തുള്ള ഒരാളാണ് അര്‍ജുനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്തെത്തിച്ചത്. ശേഷം അര്‍ജുനെ ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം.