തൃശൂര്‍: സംവിധായകന് ബാബു നാരായണന് അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്ന അദ്ദേഹം പുലര്‍ച്ചയോടെയാണ് മരിച്ചത്. അനില്‍ ബാബു എന്ന ഇരട്ട സംവിധായകരില്‍ ഒരാളായിരുന്നു. 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും ബാബു സംവിധാനം ചെയ്തു. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേര്‍ന്നത്. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.
മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004ല്‍ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. 2013ല്‍ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തുകയായിരുന്നു അദ്ദേഹം.