കൊച്ചി/ തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയത്തിനകം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തും. കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരിൽ എത്തുന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അൽപ സമയം വിശ്രമിച്ച ശേഷം പത്ത് മണിയോടെ ക്ഷേത്രത്തിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്. 

പ്രധാനമന്ത്രിയെത്തുമ്പോൾ താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങൾ പൂര്‍ത്തിയായെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താനും നിര്‍ദേശം നിര്‍ദ്ദേശമുണ്ട്. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന്  ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു.

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. നാല് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നായി പതിനായിരത്തോളം പേര്‍ പൊതു സമ്മേളനത്തിനെത്തുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. അഭിനന്ദൻ സഭ എന്ന് പേരിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 

ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. .2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.

ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.ഗവർണർ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ,  സുരേഷ് ഗോപി എംപി എന്നിവര്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.