തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്കി. സുരക്ഷാ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കും.
സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റു നിയമലംഘനം നടത്തിയാലോ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമ നടപടിയെടുക്കണം.
കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കേരള പോലീസ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡര്‍ സംസ്ഥാന പോലീസിന്റെ www.keralapolice.govt.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് ഡി.ജി.പി. അറിയിച്ചു.