ദില്‍സെ’യും ‘ചയ്യ ചയ്യാ’ ഗാനവും പുറത്തിറങ്ങിയിട്ട് 20 വര്‍ഷങ്ങളായി. ദില്‍സെയിലെ ചയ്യ ചയ്യാ ഗാനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രഹകന് സന്തോഷ് ശിവന്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനരംഗം സന്തോഷ് ശിവന് ഷൂട്ട് ചെയ്തത് എ ആര് ആര് എൈ ക്യാമറയിലായിരുന്നു. എ ആര് ആര് എൈ ക്യാമറ അതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
‘നാലു ദിവസം കൊണ്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ആ ട്രെയിനില്‍ മുഴുവന്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. സാങ്കേതിക വിദ്യയുടെ ഗുണങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി, ചിത്രത്തില്‍ മുഴച്ചു നില്‍ക്കാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നതാണ്ആ ഗാനത്തിന്റെ പ്രത്യേകത. ആ പാട്ടിന്റെ വരികളില്‍ പോലും നിഴലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്,” സന്തോഷ് ശിവന് പറഞ്ഞു
ഗുല്‍സാറിന്റെ വരികള്‍ക്ക് എ.ആര് റഹ്മാനായിരുന്നു ഈണമിട്ടത്. സുഖ്വിന്ദര് സിംഗും സ്വപ്ന അവാസ്ഥിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാരുഖ് ഖാനും മലൈക അറോറയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.