ന്യൂഡൽഹി∙ അമേരിക്കയിൽ സിഖ് കുടുംബത്തിലെ നാല് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഓഹിയോ സിൻസിനാറ്റിയിലാണ് സിഖ് കുടുംബം കൊല്ലപ്പെട്ടത്. ഒരാൾ ഇന്ത്യക്കാരനും മൂന്നു പേർ ഇന്ത്യൻ വംശജരുമാണ്. ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗർ, ഇവരുടെ മകൾ ഷാലിന്ദർ കൗർ, ഭാര്യാ സഹോദരി അമർജിത് കൗർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10 നാണ് കൊലപാതകം. അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്.
കൊലപാതകം വംശീയ വിദ്വേഷത്തെത്തുടർന്നല്ലെന്നു സുഷമ സ്വരാജ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും അവർ പറഞ്ഞു.