തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്ക് കിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം കൊണ്ട് തമിഴ്നാട് തീരത്ത് എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും.
ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. 27ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം. വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.
ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും 28ാം തീയതിയോടെ 80-90 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.