ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഐ.ടി.ബി.പിയുടെ എ ടി.എസ് വിഭാഗം മേധാവി ഡി.ഐ.ജി സുധാകര്‍ നടരാജനാണ് സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്ത് മുതലാണ് രാജ്യത്തെ സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഐ.ടി.ബി.പിയുടെ ലോഹിത്പുറിലെ അനിമല്‍ ട്രെയിനിംഗ് സ്കൂളില്‍വച്ചാണ് വോട്ട് രേഖപ്പെടുത്തല്‍ നടന്നത്.
പോസ്റ്റല്‍ ബാലറ്റ് വഴിയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് ഇത് സീല്‍ ചെയ്ത് നിക്ഷേപിക്കും. അരുണാചല്‍ പ്രദേശില്‍ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ ആയിരം പേര് ഐ.ടി.ബി.പിയില്‍ നിന്നുള്ളവരാണ്. ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍11നാണ് ആരംഭിക്കുക. മേയ് 19ന് വോട്ടെടുപ്പ് അവസാനിക്കും. മേയ് 23 ന് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കും.