കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. സുപ്രീംകോടതിയാണ് വിധി സ്റ്റേ ചെയ്തത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ വോട്ടു ചെയ്യാന്‍ റസാഖിന് അധികാരമില്ല. ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
എതിര് സ്ഥാനാര്‍ഥി എം.എ. റസാഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഡോക്യുമെന്ററി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി വോട്ടര്‍മാരായ കെ.പി. മുഹമ്മദ്, മൊയ്തീന് കുഞ്ഞി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ഏബ്രഹാം മാത്യു തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
എതിര്‍സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ എം.എ. റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് 573 വോട്ടിനാണു വിജയിച്ചത്.