Latest News

ഫിസിഷ്യന്‍മാരുടെ ആപികോണ്‍ സമ്മേളനം ഫെബ്രുവരി 7ന് കൊച്ചിയില്‍

കൊച്ചി:- ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം ഫിസിഷ്യന്‍മാര്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ)യുടെ എഴുപത്തിനാലാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി 7 മുതല്‍ 10 വരെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ‘ആപികോണ്‍ 2019’ സമ്മേളനത്തിന് എ.പി.ഐ കൊച്ചി ഘടകം ആതിഥേയത്വം വഹിക്കും.


ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) ശ്രീ. പി. സദാശിവം സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6.30 ന് നിര്‍വ്വഹിക്കും. എ.പി.ഐ ദേശീയ പ്രസിഡന്റ് ഡോ. പ്രീതം ഗുപ്ത, സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ.കെ. പരീഖ്, ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. മംഗേഷ് തിവാസ്‌കര്‍ എന്നിവര്‍ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കും.

1944-ല്‍ സ്ഥാപിതമായ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ) മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും, ഫിസിഷ്യന്‍മാരുടെ പ്രവര്‍ത്തന, ചികിത്സ മാനദണ്ഡങ്ങള്‍, നിശ്ചയിക്കുന്നതിനും നേതൃത്വം നല്‍കുന്ന പരമോന്നത സംഘടനയാണ്.

ഡോക്ടര്‍മാരുടെ ചികിത്സ വൈദഗ്ധ്യവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും നൂതന സാങ്കേതിക വിദ്യകളും ഇന്ന് രോഗചികിത്സയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. വ്യത്യസ്ഥവും നൂതനുവുമായ ചികിത്സാ രീതികള്‍, പ്രായോഗിക ചികിത്സകള്‍ സംബന്ധിച്ച് അറിവ് പങ്കിടല്‍ എന്നിവ ചികിത്സാ രീതികള്‍ സാര്‍വത്രികമാക്കാന്‍ അത്യാവശ്യമാണ്. ‘ബ്ലെന്റിങ്ങ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്സ്’ എന്ന പ്രമേയത്തിലാണ് നാലുദിവസത്തെ സമ്മേളനം നടക്കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍ പറഞ്ഞു.

ആറ് സമാന്തര ട്രാക്കുകളായി നടക്കുന്ന ശാസ്ത്ര പരിപാടികള്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത് വിശദീകരിച്ചു. ശാസ്ത്രീയ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, കേസ് അടിസ്ഥാനമാക്കിയുള്ള അവതരണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.

പ്രമേഹ രോഗങ്ങള്‍, പ്രമേഹ വിദ്യാഭ്യാസം, അണുബാധ കൈകാര്യം ചെയ്യുന്ന രീതികള്‍, മുതിര്‍ന്നവരിലെ വാക്സിനേഷന്‍, രക്താധിസമ്മര്‍ദ്ദ നിയന്ത്രണം, ഹൃദ്രോഗ നിര്‍ണ്ണയവും ചികിത്സയും, റുമാറ്റോളജി, വാര്‍ദ്ധക്യത്തിലെ ന്യൂറോളജി പ്രശ്നങ്ങള്‍, ഉറക്കപ്രശ്നങ്ങള്‍, ലിവര്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്ഷയം, എച്ച്.ഐ.വി, എച്ച് 1 എന്‍ 1, ഗ്യാസ്ട്രോ എന്ററോളജി രോഗങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളില്‍ ശാസ്ത്ര സെഷനുകള്‍ നടക്കും.

പാരിസ്ഥിതിക മെഡിസിന്‍, റേഡിയേഷന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ആരോഗ്യ രംഗത്തും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അലര്‍ജിയുടെ നൂതന ചികിത്സകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായി പ്രത്യേക സെഷനുകള്‍ നടക്കുമെന്ന് ഡോ. ശ്രീനിവാസ കമ്മത്ത് പറഞ്ഞു.

യു.എസ്, യു.കെ, ആസ്ത്രേലിയ, നെതര്‍ലാന്‍ഡ്സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. റഫീക്ക് മുഹമ്മദ്, ഡോ. കെ. ഹരി, ഡോ. ശ്യാമള മേനോന്‍, ഡോ. അനിത നമ്പ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top