Latest News

45 വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്നത് ഏറ്റവും വലിയ തൊഴിലില്ലായ്മ

ന്യൂഡല്‍ഹി: കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഇന്ത്യ നേരിടുന്നത് ഏറ്റവും ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയെന്ന് സര്‍വ്വേ ഫലം. രാജ്യത്തെ തൊഴില്‍ശക്തി സംബന്ധിച്ചു നടത്തിയ സര്‍വേയിലാണു 2017-18 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.1% ആണെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷ്ണല്‍ സാംപിള്‍ സര്‍വേ ഓഫിസ് (എന്‍എസ്എസ്ഒ) കണ്ടെത്തിയത്.

2016 നവബംര്‍ 8ന് പ്രഖ്യാപിച്ച നോട്ട് നിരോധനം വലിയ തോതില്‍ തൊഴിലില്ലായ്മയ്ക്കു വഴിവച്ചെന്ന് പല പഠനങ്ങളും വന്നിരുന്നു. അതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ ഒരു ഏജന്‍സി നടത്തിയ സമഗ്ര സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തായത്.

1972-73 നുശേഷം ആദ്യമായാണ് തൊഴിലില്ലായ്മ ഇത്രയേറെ ഉയര്‍ന്നതെന്ന് കണക്കുകള്‍ പറയുന്നു. വിദ്യാസമ്പന്നരായ ഗ്രാമീണ പുരുഷന്‍മാര്‍ക്കിടയില്‍ 2004-12 ല്‍ തൊഴിലില്ലായ്മ 3.5-4.4ശതമാനവും കഴിഞ്ഞ വര്‍ഷം 10.5 ശതമാനവുമായിരുന്നു.

5 വര്‍ഷത്തിനിടയില്‍ 15നും 29 നുമിടയില്‍ പ്രായമുള്ള ഗ്രാമീണ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ മൂന്നിരട്ടിയിലേറെ വര്‍ധിച്ചു. ഗ്രാമീണ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 2011-12 ല്‍ 5 ശതമാനവും അത് 2017-18 ല്‍ 17.4 ശതമാനവും ഗ്രാമീണയുവതികള്‍ക്കിടയില്‍ ഇതേ കാലയളവില്‍ 4.8 ശതമാനവും ആയിരുന്നത് 13.6 ശതമാനവും ആയി. തൊഴില്‍ തേടുന്നവരുടെ നിരക്കും കഴിഞ്ഞവര്‍ഷം കുത്തനെ ഇടിഞ്ഞു. 2011-12 ല്‍ 39.5 ശതമാനവും 2017-18 ല്‍ 36.9 ശതമാനവുമാണ് തൊഴില്‍ തേടുന്നവരുടെ നിരക്ക്.

കാര്‍ഷിക മേഖലയിലെ തകര്‍ച്ച മൂലം യുവജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് കുടിയേറുന്നു. എന്നാല്‍, നഗരങ്ങളില്‍ ഏറ്റവും തൊഴിലവസരമുള്ള നിര്‍മാണമേഖല 2016 നു ശേഷം കനത്ത പ്രതിസന്ധിയാണ് നേരിട്ടത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ച സര്‍വേ വിവരങ്ങള്‍ പുറത്തായതോടെ കണക്കുകള്‍ അന്തിമമല്ലെന്ന ന്യായീകരണവുമായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയവും നിതി ആയോഗും രംഗത്ത് വന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top