Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ അങ്കമാലി യൂണിറ്റിന്റെ എട്ടാമത് സ്‌നേഹഭവനം ചാലക്കുടിയില്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ജോയ് ഹോംസ് പദ്ധതിയിലെ അങ്കമാലി യൂണിറ്റിന്റെ എട്ടാമത് വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ തുടങ്ങി. ചാലക്കുടി അന്നനാട് സ്വദേശി ടി.ഡി പൗലോസിനാണ് വീട് ലഭിക്കുക. വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് കടുകുറ്റി വികാരി ഫാ.ഹോര്‍മിസ് തോട്ടക്കര നിര്‍വഹിച്ചു. കല്ലിടല്‍ ചടങ്ങിനൊപ്പം വീട് പണിക്കാവശ്യമായ തുകയുടെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയും കൈമാറി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 250 ഓളം കുടുംബങ്ങള്‍ക്ക് 15 കോടി മുതല്‍മുടക്കില്‍ വീട് വച്ച് നല്‍കുന്ന ബൃഹത് പദ്ധതിയാണ് ജോയ് ഹോംസ് പദ്ധതി.

പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് ബന്ധുവീടുകളിലും മറ്റും മാറിമാറി താമസിക്കേണ്ടി വന്ന അവസ്ഥയ്ക്ക് അറുതി വരുത്താന്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന് കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഫാ.ഹോര്‍മിസ് തോട്ടക്കര പറഞ്ഞു.

ചാലക്കുടി കടുകുറ്റി പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് 75 വീടുകള്‍ പുതുക്കി പണിയേണ്ട സ്ഥിതിയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കണ്ണത്ത് പറഞ്ഞു. എന്നാല്‍ 23 വീടുകള്‍ പുതുക്കി പണിയുന്നതിന് മാത്രമെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുളളു. ഈ അവസ്ഥയില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നല്‍കുന്ന സഹായം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയ്യുന്ന മൂന്നാമത്തെ പ്രളയാനന്തരപ്രവര്‍ത്തനമാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നതെന്ന് ജോയ് ആലുക്കാസ് അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനവും അവശ്യസാധന വിതരണവും സമയോചിതമായി ചെയ്ത അങ്കമാലി യൂണിറ്റിലെ അംഗങ്ങളെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് കണ്ണത്ത്, വാര്‍ഡ് മെമ്പര്‍ സുനിത രമേശന്‍, ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top