കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.
അതേസമയം മുനമ്പം മനുഷ്യക്കടത്തില്‍ മനുഷ്യക്കച്ചവടവും തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത രവി സനൂപ് രാജയുടെ മൊഴിയില്‍ നിന്നാണ് ഈ മാസം 12ന് രാവിലെ മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ടില്‍ പണം നല്‍കാത്തവരെയും കയറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞത്.
ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ അവിടെ മനുഷ്യക്കച്ചവടത്തിനുള്ള സാധ്യത കുറവാണ്. പല കാലഘട്ടങ്ങളിലായി 4 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കുടിയേറിയ ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജരുടെ ഭാഷാസമാജങ്ങള് ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് അങ്ങോട്ടുള്ള മനുഷ്യക്കച്ചവടം എളുപ്പമല്ല.