Kerala

ഹര്‍ത്താല്‍ ദിന അക്രമങ്ങള്‍; 5000 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിനായി പ്രത്യേകസംഘങ്ങളും രൂപീകരിച്ചു.

രണ്ട് ദിവസമായുള്ള സംഘര്‍ഷങ്ങളില്‍ പ്രതികളായ മുഴുവന്‍ അക്രമികളേയും അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. 559 കേസുകളിലായി കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ പ്രതികളെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 775 പേര്‍ ഇന്നലെ വൈകിട്ട് വരെ പിടിയിലായി. ഇവരെ പിടികൂടാനായി ‘ബ്രോക്കണ്‍ വിന്‍ഡോ’ എന്ന ഓപ്പറേഷനാണ് തയാറാക്കിയത്.

അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ അക്രമമാണ് ഹര്‍ത്താല്‍ ദിനത്തില്‍ വലിയ സംഘര്‍ഷമായി മാറിയത്. ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുന്നൂവെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിനെ എതിര്‍ക്കാനെന്ന പേരില്‍ സിപിഎം ഇറങ്ങിയ കലാപത്തിന് സമാന അവസ്ഥയായെന്നും വിലയിരുത്തുന്നു. അതിനാല്‍ തീവ്രത കുറഞ്ഞാലും രണ്ട് ദിവസമെങ്കിലും സംഘര്‍ഷ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതയും പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.

അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ആദ്യ ആല്‍ബം ഇന്ന് തയാറാക്കും. എട്ട് പൊലീസ് ജീപ്പടക്കം നൂറിലേറെ സര്‍ക്കാര്‍ വാഹനങ്ങളും ഇരുപതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ഇതിന്റെയടക്കമുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

ശബരിമല യുവതീപ്രവേശനത്തെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുന്ന പാലക്കാട് നഗരത്തില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുവരെയാണ് നിരോധനനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡിജിപി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top