Kerala

പ്രതിഷേധം; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററിനെ തിരിച്ചയച്ചു

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞ് തിരിച്ചയച്ചു. തേനി സ്വദേശി കയലിനെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പുലര്‍ച്ച ആറരയോടെ പമ്പയില്‍ എത്തിയ കയല്‍ പമ്പയില്‍ നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

ആദ്യം സാരിയുടുത്താണ് കയല്‍ എത്തിയത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്. ആദ്യം ചില ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.

17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്നാണ് കയല്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ച് പോകുകയാണെന്ന് കയല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ 47 വയസ്സുകാരിയായ ശ്രീലങ്കന്‍ യുവതിയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. മരക്കൂട്ടം വരെ എത്തിയതിനു ശേഷമായിരുന്നു അവര്‍ തിരിച്ചിറങ്ങിയത്. മഫ്തി പോലീസുകാരുടെ സഹായത്തോടെയാണ് ഇവര്‍ മരക്കൂട്ടം വരെയെത്തിയത്.

അതേസമയം, യുവതീ പ്രവേശനത്തിന് പിന്നാലെ കേരളത്തിലുടനീളം പൊട്ടിപ്പുറപ്പെട്ട ആക്രമങ്ങള്‍ തുടരുമ്പോഴും ഇന്നലെമാത്രം 87000ത്തോളം ഭക്തജനങ്ങളാണ് അയ്യപ്പ ദര്‍ശനത്തിനെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top